ചാലക്കുടി: അടിപ്പാതയിൽ തുടർച്ചയായി ഉണ്ടാകുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് അടിയന്തരമായി നടത്തേണ്ട പ്രവർത്തനങ്ങൾക്ക് ദേശീയ പാത അധികൃതർ ബന്ധപ്പെട്ട കരാർ കമ്പനിക്ക് നിർദേശം നൽകി.
കഴിഞ്ഞദിവസം നഗരസഭയിൽ നടന്ന സർവകക്ഷിയോഗത്തിലെ നിർദേശങ്ങളുടെ ഭാഗമായി അടിപ്പാതയിൽ അടിയന്തരമായി ആവശ്യമായ ക്രമീകരണങ്ങൾ നടത്തണമെന്ന് നഗരസഭ ചെയർപേഴ്സൻ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായി അടിപ്പാതയിലെ ഫുട്പ്പാത്ത് വീതി കുറയ്ക്കുക, നാല് കോർണറിലും സ്ലാബ് കട്ട് ചെയ്ത് ബെൽമൗത്ത് ഉണ്ടാക്കുക, സർവീസ് റോഡിലെ ഡ്രെയിനേജിന് മുകളിലെ സ്ലാബുകൾ താഴ്ത്തി സർവീസ് റോഡിന് ലെവലിൽ ആക്കി ബെൽ മൗത്ത് സൗകര്യപ്പെടുത്തുക തുടങ്ങി അടയന്തരമായി നടത്തേണ്ട പ്രവൃത്തികൾ സംബന്ധിച്ച് അധികൃതർ പരിശോധിച്ച് റിപ്പോർട്ട് നൽകിയിരുന്നു.
കഴിഞ്ഞദിവസം തൃശൂരിൽ മന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ അടിയന്തരമായി പ്രവൃത്തികൾ ചെയ്യണമെന്ന് സനീഷ്കുമാർ ജോസഫ് എംഎൽഎയും നഗരസഭ അധികൃതരും ദേശീയപാത അധികൃതരോട് നേരിട്ട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
നേരത്തേ അടിപ്പാത നിർമാണം നടത്തിയ കരാർ കമ്പനിയെ തന്നെയാണ് ഇപ്പോഴത്തെ അടിയന്തര പ്രവൃത്തികൾ ചെയ്യാൻ എൻഎച്ച്എഐ അധികൃതർ ചുമതലപ്പെടുത്തിയിട്ടുള്ളത്.
അടുത്തദിവസം തന്നെ നിർമാണ പ്രവൃത്തികൾ ആരംഭിക്കാമെന്ന് സ്ഥലത്തെത്തിയ കരാർകമ്പനി പ്രതിനിധികൾ അറിയിച്ചു.
നഗരസഭ ചെയർപേഴ്സൺ ആലീസ് ഷിബു, വൈസ് ചെയർമാൻ കെ.വി. പോൾ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ആനി പോൾ, ഒ.എസ്. ചന്ദ്രൻ, ജിയോ കിഴക്കുംതല, ഷിഫ സന്തോഷ്, ലിജി ജോജി, പാർലിമെന്ററി പാർട്ടി ലീഡർമാരായ ഷിബു വാലപ്പൻ, ജിൽ ആന്റണി, കൗൺസിലർമാരായ വിൻസെന്റ് പാണാട്ട്പറമ്പിൽ, റീന ഡേവീസ്, ജെസി റാഫേൽ, വിനീത ഷാന്റോ, റെയ്സൻ ആലുക്ക, കെ.ബി. ഉണ്ണികൃഷ്ണൻ, നിതിൻ പുല്ലൻ, വി.ജെ. ജോജി, കെ.ബി. ഉണ്ണികൃഷ്ണൻ എന്നിവർ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോടൊപ്പം അടിപ്പാത സന്ദർശിച്ചു പ്രവർത്തനങ്ങളെ സംബന്ധിച്ച് വിലയിരുത്തി.